Sunday, November 29, 2009

നിറങ്ങള്‍ രുചികളായി ഒറ്റപ്പെടുന്നു...

ഒലിച്ചരിച്ച്‌
വഴിതെറ്റി
മണല്‍ക്കടലിന്‍റെ അഴിമുഖത്തടിഞ്ഞ്‌
കട്ട കെട്ടിയ പുഴയുടെ ആത്മാവിന്‌
ചാര നിറത്തിന്‍റെ ചവര്‍പ്പ്‌


വരണ്ട മണ്ണിന്‍റെ നെറുകയില്‍
കുഴിവെട്ടി, കുരിശു നാട്ടി, ചാരിക്കിടന്ന്‌
വിഷം കഴിച്ചൊടുങ്ങിയ
കര്‍ഷകന്‍റെ പകുതി മരിച്ച കണ്ണീരിന്‌
കറുത്ത മഷിയുടെ കയ്പ്പ്‌..


അരക്ഷിതാവസ്ഥയുടെ
പത്താം നിലകളില്‍ കയറി നിന്ന്‌
പരിതസ്തിഥികളെ സമഗ്ര വീക്ഷണം നടത്തി
താഴേക്ക്‌ ചാടി നുറുങ്ങിയൊടുങ്ങിയ പെണ്‍കുട്ടിയുടെ
കിതപ്പടങ്ങാത്ത ഹൃദയത്തിന്‌
ചുവന്ന മണ്ണിന്‍റെ പുളിരസം..


വെളുത്ത തുണിയില്‍ പൊതിഞ്ഞു മൂടി
ഇരുണ്ട ഇടനാഴികള്‍ക്കിടയിലൂടെ
വലിച്ചിഴച്ച്‌
ആശുപത്രിയുടെ പിന്നാമ്പുറത്തേക്ക്‌ വലിച്ചെറിയപ്പെട്ട
ഇനിയും ജീവനൊടുങ്ങാത്ത സ്ത്രീ ഭ്രൂണത്തിന്‌
ഇളം നീല നിലാവിന്‍റെ ഉപ്പുരസം..


ആര്‍ത്തു പതഞ്ഞൊലിച്ച്‌
ഒടുവില്‍ തളര്‍ന്ന്‌ പിന്‍വാങ്ങിയ തിരമാലകള്‍
ഒരേ കുഴിയില്‍ ബാക്കി വച്ച
നൂറുകണക്കിന്‌ ശവങ്ങളുടെ
കോര്‍ത്തുപിടിച്ച കൈത്തലങ്ങള്‍ക്ക്‌
വെളുത്ത ചെമ്പരുത്തിയുടെ മധുരം..


നിയമ കാവല്‍ഭടന്‍മാരുടെ
ഉരുട്ടിയ ചോദ്യങ്ങള്‍ക്കൊടുവില്‍
അനക്കം നഷ്ടപ്പെട്ട
പാവം പ്രതിയുടെ
ഇനിയും മടങ്ങാത്ത ചൂണ്ടുവിരലും


കരിങ്കടലിനപ്പുറം
ഒട്ടിയ വയറുകള്‍ക്ക്‌ മീതെ കരിമ്പടം പുതപ്പിക്കുന്ന
വലിയ കണ്ണുകളുള്ള ഈച്ചകളും


എതു നിമിഷവും
ജനക്കൂട്ടത്തിനിടയില്‍ വച്ച്‌
സ്വയം പൊട്ടിത്തെറിച്ചേക്കാവുന്ന
തിരിച്ചറിയപ്പെടാതെ പോവുന്ന നിഴലുകളുമെല്ലാം
ഇപ്പോഴും പുതിയ നിറങ്ങള്‍ തേടുകയാണ്‌..



രുചികളും....

No comments:

Post a Comment