Monday, July 30, 2012

പ്രതിബിംബങ്ങള്‍..

ഉടഞ്ഞു ചിതറിയ കണ്ണാടിച്ചില്ലുകളിലേക്ക്
 തുറിച്ചു നോക്കിയപ്പോള്‍ കണ്ടത്
 എനിക്കേറെ മുഖങ്ങള്‍!!

അമ്മ എന്ന പ്രശ്ലേഷം

ഒറ്റ മുറിക്കുള്ളിലെ മരക്കട്ടിലില്‍ പനമ്പുപായയ്ക്കകത്ത്‌ പൂര്‍ണവിരാമത്തിലേക്ക് ഇനിയുമെത്താതെ മക്കളെ ആശ്ച്ചര്യചിഹ്നത്തിലോതുക്കി ചുരുണ്ടുകൂടി കിടക്കുന്ന ചോദ്യചിഹ്നം..

പ്രണയം..

വെളുത്ത മുഖത്ത്
തുടുത്തു നില്‍ക്കുന്ന
ചുവന്ന മുഖക്കുരു പോലെ പ്രണയം..
പഴുത്ത് പൊട്ടുമ്പോഴും
നനുത്ത സുഖമുള്ള വേദന!!!!

ശേഷക്കുറിപ്പ്.....

ചതഞ്ഞ പാളങ്ങള്‍ക്കിടയില്‍
മുറുക്കാന്‍ തുപ്പല്‍ പോലെ
നീ കണ്ടു മുഖം ചുളിച്ചത് എന്‍റെ ചോരയാണ്.. കിടന്നുറങ്ങാന്‍ ഒരിടം നോക്കി നടന്നു
തളര്‍ന്നു വീണുറങ്ങിപ്പോയതാണ് ഞാന്‍..

ആണി ചുവരിനോട്...

എന്‍റെ തല ചതയ്ക്കപ്പെടുമ്പോള്‍
രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍
ഞാനോടിപ്പോകുന്നത് നിന്‍റെ പുറംതൊലിയ്ക്കുള്ളിലൂടെ..

വ്രണം..

മഴച്ചങ്ങലകള്‍ ഉരച്ചുണ്ടാക്കിയ
ഒരിക്കലും ഉണങ്ങാത്ത ഒരു വ്രണമായി
നിന്‍റെ ഓര്‍മ..
വിരൂപമായ ആറാം വിരല്‍ പോലെ
മുറിക്കാനും സഹിക്കാനും പറ്റാതെ
ഇതെത്ര കാലം??

ആദ്യം കണ്ടത്..

തുറന്നിട്ട ജാലകത്തിലൂടെ നോക്കിയപ്പോഴൊക്കെ മുറിക്കുള്ളില്‍
പകുതി ചത്ത മീനിന്‍റെ കണ്ണ് പോലെ
ഞാന്‍… !!!!

Tuesday, August 3, 2010

അടവ്..

അടവ് തെറ്റിയ ബാദ്ധ്യതാ പത്രവുമായി
നിങ്ങള്‍ ഇനിയും കാത്തു നില്‍ക്കണം എന്നില്ല..


ഉച്ചയ്ക്കൂണിന് മീന്‍ കൂട്ടാന്‍ വയ്ക്കാന്‍
രണ്ടുപ്പു കല്ലും കടിച്ചു പിടിച്ച്
കയ്യിലിത്തിരി കാന്താരി മുളകുമായി
തിളയ്ക്കുന്ന പുഴയിലേക്കിറങ്ങി പോയതാണ് വീട്ടുകാരി..

വേവ് പാകമാകാതെ ഇനിയെപ്പോള്‍ മടങ്ങാനാണ്??

മുറ്റത്തെ കശുമാവിലെ കയറു കണ്ടു സംശയിക്കണ്ട!!
വിശപ്പ്‌ തലയോളം മൂക്കുമ്പോള്‍ കശുമാങ്ങ പറിക്കാന്‍ വേണ്ടി
ഞാന്‍ കുരുക്കിട്ട് കെട്ടി വച്ചതാണ്..

പുറം നാട്ടില്‍ പഠിക്കാന്‍ പോയ മകളെക്കുറിച്ചിപ്പോ..!!!
പഠിച്ചു കൊണ്ടിരിക്കുകയാണ് പലതുമിപ്പോള്‍.
ചിലത് പഠിപ്പിക്കുന്നുമുണ്ട്!!

മകനൊരുത്തനോ...??
ഹ ഹ!!

മഴയൊലിച്ചിറങ്ങി നനഞ്ഞലുത്ത് പോവും,
അല്ലെങ്കില്‍ വീട്ടിനുള്ളില്‍ കയറി ഇരിക്കാമായിരുന്നു..

അല്ലാ,
ഇനിയും
അടവ് തെറ്റിയ ബാദ്ധ്യതാ പത്രവുമായി നിങ്ങള്‍ കാത്തു നില്‍ക്കണമെന്നേയില്ല...

Wednesday, March 24, 2010

പ്രണയം

പ്രണയം -
ഒരു കുടിയന്‍റെ ദിനരാത്രങ്ങള്‍ പോലെ..
വാഗ്ദാനങ്ങള്‍..
ക്ഷമാപണങ്ങള്‍..

പ്രണയം -
തെരുവിലെ വ്യാപാരം പോലെ..
വില പേശലുകള്‍.. തര്‍ക്കങ്ങള്‍..
ഈട് നില്‍ക്കുന്നതു കിട്ടുന്നവന്‍ ഭാഗ്യവാന്‍..

പ്രണയം -
വേശ്യാലയത്തിലെ കന്യകയെ പോലെ..
ആദ്യ ഉപഭോക്താവാന്‍
എന്തും എങ്ങനെയും...
പിന്നീട്...
മറവി..

പ്രണയം -
എങ്കിലും
ഒരു കനലാണ്..
എത്ര തവണ തിരസ്കരിക്കപ്പെട്ടാലും
അതെരിഞ്ഞു കൊണ്ടേ ഇരിക്കും..

Tuesday, December 1, 2009

സ്വാതന്ത്യ്രം അഞ്ചു പേരുടെ കണ്ണില്‍....

അവര്‍ ആറു പേരുണ്ടായിരുന്നു..


വന്ദ്യവയോധികനായ തസ്കരന്‍ പറഞ്ഞു:
"കൊടും പാപങ്ങള്‍
എത്ര വേണമെങ്കിലും നിങ്ങള്‍ക്ക്‌ ചെയ്യാം.
സ്വാതന്ത്ര്യം നേടാന്‍
ചിതല്‍പ്പുറ്റ്‌ പുതച്ചാല്‍ മതി."


അകക്കണ്ണുണര്‍ന്ന പോരാളി പറഞ്ഞു:
"ഏതു തരത്തിലുള്ള വിദ്യയും
നിങ്ങള്‍ക്ക്‌ തനിയെ സ്വായത്തമാക്കാം.
സ്വാതന്ത്ര്യം നേടാന്‍
പെരുവിരല്‍ അറുത്തു നല്‍കിയാല്‍ മതി."


മനസ്സില്‍ വടു കെട്ടി
തയമ്പു വീണ ശില്‍പ്പി പറഞ്ഞു:
"ഈ പ്രപഞ്ചം തന്നെ
നിങ്ങള്‍ക്ക്‌ പ്രണയ സ്മാരകമായി ചെത്തിയൊതുക്കാം.
സ്വാതന്ത്ര്യം നേടാന്‍
കൈപ്പത്തി മുറിച്ചു കൊടുത്താല്‍ മതി."


പല്ലില്ലാത്ത, അല്‍പ്പവസ്ത്രധാരിയായ വൃദ്ധന്‍ പറഞ്ഞു:
"ഏതു ദേശത്തെ വേണമെങ്കിലും
നിങ്ങള്‍ക്ക്‌ മോചിതരാക്കാം.
സ്വാതന്ത്ര്യം നേടാന്‍
ഹൃദയം തുളച്ചു കയറിയ ഒരു വെടിയുണ്ട മതി."


അങ്ങിങ്ങ്‌ നരച്ച താടിയുള്ള
ധിഷണാശാലി പറഞ്ഞു:
"എത്രയോ തലമുറകളെപ്പോലും
ആശയങ്ങളാല്‍ വിപ്ളവോന്‍മത്തരാക്കാന്‍
നിങ്ങള്‍ക്ക്‌ സാധിക്കും.
സ്വാതന്ത്ര്യം നേടാന്‍
പട്ടിണി കിടന്നാല്‍ മാത്രം മതി."


പട്ടിണി കൊണ്ടുണങ്ങിയ,
ശരീരത്തിലും മനസ്സിലും ചിതലരിച്ച,
കുഷ്ഠം ബാധിച്ച്‌ വിരലുകളും കൈപ്പത്തിയും അറ്റ,
തിരിച്ചെടുക്കാനാവാത്ത ബ്രഹ്മാസ്ത്രം കൊണ്ട്‌
ഹൃദയം തുളഞ്ഞുകയറിയ,
നെറ്റിയില്‍ ഉണങ്ങാത്ത നീണ്ട മുറിപ്പാടുള്ള
വിരൂപനായ ആറാമന്‍ മാത്രം
നിശബ്ദനായിരുന്നു...


"യുഗാന്തരങ്ങളായി
സ്വാതന്ത്യ്രദാഹിയായി
പലേടത്തും പല വേഷങ്ങളിലലഞ്ഞ
നിനക്ക്‌ നിന്‍റ്റെ ജന്‍മം തന്നെ
സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു..."


അവരഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു...